ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി വർഗീയധ്രുവീകരണത്തിനു ശ്രമം. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്താത്തതിനു പിന്നിൽ വർഗീയതയാണെന്നു ബിജെപിയും 2014നു ശേഷം ആദ്യമായാണ് ഒരു മുസ്ലിം സ്ഥാനാർത്ഥി ബിജെപി പട്ടികയിൽ ഇടം പിടിച്ചതെന്നു എസ്.പിയും കുറ്റപ്പെടുത്തി.
എസ്.പി സ്ഥാനാർത്ഥിപട്ടിക എന്തുകൊണ്ടാണു പരസ്യപ്പെടുത്താത്തതെന്നും എന്തിനെയാണു ഭയപ്പെടുന്നതെന്നും യുപി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഇന്നലെ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. ഈ ചോദ്യം തന്നെ ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്നു എസ്.പി തിരിച്ചടിച്ചു. ബിജെപി പട്ടികയിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതെന്താണെന്ന് ആദ്യം വിശദീകരിക്കട്ടെയെന്നും എസ്.പി നേതാക്കൾ പ്രതികരിച്ചു. കർഷകരോഷവും വികസനമില്ലായ്മയും അടക്കം ബിജെപി പ്രതിരോധത്തിലാണെന്നതിനു തെളിവാണു വർഗീയ ധ്രൂവീകരണത്തിനുള്ള ശ്രമമെന്നും എസ്.പി ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ ഒരാഴ്ചയിലെ ട്വീറ്റുകളിൽ മാത്രം ആറു തവണ കലാപങ്ങളെക്കുറിച്ചു പരാമർശിച്ചതു ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനാണെന്നാണു പ്രതിപക്ഷ ആരോപണം. എസ്.പിയുടെ സ്ഥാനാർഥി പട്ടിക പരസ്യപ്പെടുത്തിയാൽ അതിലെ മുസ്ലിം സ്ഥാനാർഥികളുടെ പേരുപറഞ്ഞ് കൂടുതൽ ധ്രൂവീകരണത്തിനു ബിജെപി ശ്രമിക്കുമെന്നും എസ്പി ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടവോട്ടെടുപ്പു നടക്കുന്ന പശ്ചിമ യുപിയിലെ 58 സീറ്റുകളിൽ എസ്.പി- ആർഎൽഡി സഖ്യം 13 മുസ്ലിംകളെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Read more
7ഘട്ടങ്ങളായാണ് യു.പി തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.