'കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സംഘടനയുമായി സോണിയയ്ക്ക് ബന്ധം'; ആരോപണവുമായി ബിജെപി, തള്ളി യുഎസ്

കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം തള്ളി യുഎസ്. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യ പസഫിക് ഫൗണ്ടേഷന്റെ (എഫ്ഡിഎൽ-എപി) വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്നായിരുന്നു ബിജെപിയുടെ ആരോപണം.

കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം നേരിടുന്ന അമേരിക്കൻ കോടീശ്വരനായ ജോർജ് സോറോസിന്റെ ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയാണ് എഫ്ഡിഎൽ-എപി എന്നും ബിജെപി ആരോപിച്ചു. സോണിയാ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലെ വിദേശശക്തികളുടെ സ്വാധീനമാണ് എഫ്ഡിഎൽ-എപിയും സോണിയയുമായുള്ള ബന്ധത്തിൽ നിന്ന് വ്യക്തമാകുന്നത് എന്ന് ബിജെപി എംപി നിഷികാന്ത് ദുബേ എക്‌സിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഈ വിഷയത്തിൽ പത്ത് ചോദ്യങ്ങൾ ലോക്‌സഭയിൽ ചോദിക്കുമെന്നും നിഷികാന്ത് ദുബേ കൂട്ടിച്ചേർത്തു.

ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന ഓൺലൈൻ മാധ്യമവും ജോർജ് സോറോസും പ്രതിപക്ഷവുമായി കൈകോർത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഈ ഓൺലൈൻ തത്സമയം സംപ്രേഷണം ചെയ്തു. അദാനിയെ വിമർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത് ഈ മാധ്യമത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ദുബേ കൂട്ടിച്ചേർത്തു.

ഇത് ദേശസുരക്ഷയുടെ വിഷയമാണ്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. നേതാക്കൾക്ക് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടാൽ തിരുത്തണമെന്നും ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.