സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; വാദം അടച്ചിട്ട കോടതിയില്‍

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സിബിഐ കോടതിയുടെ നിര്‍ണായക തീരുമാനം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായുന്ന കേസില്‍ സിബിഐയുടെ മുംബൈ അഡിഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടരുന്നത്. ഇതുവരെ തുറന്ന കോടതിയില്‍ ആണ് വാദം കേട്ടിരുന്നത്. കേസ് പരിഗണിച്ചിരുന്ന മുന്‍ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വാദം തുടരരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Read more

ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം കൊലപാതകമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അതിനാല്‍ തുറന്ന മുറിയില്‍ വാദം കേള്‍ക്കുന്നത് പ്രതികള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളേയും സന്ദര്‍ശകരെയും ഒഴിവാക്കി അടച്ചിട്ട മുറിയില്‍ വാദം തുടരാന്‍ ഉത്തരവിടണമെന്ന് വിചാരണ കോടതിയോട് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു.