കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്

തന്റെ മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണത്തില്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന്‍ ഖേര, ജയ്‌റാം രമേശ്, നെട്ട ഡിസൂസ എന്നീ കോണ്ഗ്രസ് നേതാക്കള്‍ക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതോടെ കേന്ദ്ര മന്ത്രിയുടെ തന്നെ തന്നെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും പുറത്ത് വിട്ട് കോണ്‍ഗ്രസ് തിരിച്ചടിച്ചു. സ്മൃതി ഇറാനി മുന്‍പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്‌ബ്ലോഗ്ഗര്‍ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.