അന്നദാതാക്കള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് അംഗീകരിക്കില്ല; യുവ കര്‍ഷകന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് സീതാറാം യെച്ചൂരി

യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിനെ ബിജെപി സര്‍ക്കാരിന് കീഴിലെ ഹരിയാന പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. അന്നദാതാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടത് അംഗീകരിക്കാനാകില്ല. ശുഭ്കരണ്‍ സിങിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനവും അദേഹം രേഖപ്പെടുത്തി.

കര്‍ഷക മാര്‍ച്ചിന് നേരെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ഖനൗരിയിലുണ്ടായ പൊലീസ് അതിക്രമത്തിലാണ് യുവ കര്‍ഷകന്‍ മരിച്ചത്. പഞ്ചാബിലെ ബട്ടിന്‍ഡ ജില്ലയിലെ ബലോകെ ഗ്രാമത്തില്‍ നിന്നുള്ള ശുഭ്കരണ്‍ സിംഗ് (21) ആണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ റബ്ബര്‍ ബുള്ളറ്റ് തലയില്‍ പതിച്ചാണ് മരണമെന്ന് നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. കര്‍ഷകര്‍ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. അതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

എന്നാല്‍ കര്‍ഷക സംഘടനകളുടെ പ്രചരണം പൊലീസ് തള്ളി. ഇങ്ങനെ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ശംഭുവിലും ഖനൗരിയിലും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. നിരവധിപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.