സിദ്ധു മൂസേവാലയുടെ കൊലപാതകം; പ്രധാന ഷൂട്ടറടക്കം രണ്ട് പേർ പിടിയിൽ

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രധാന ഷൂട്ടറടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. സിദ്ധുവിന് നേരെ വെടിയുതിര്‍ത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അങ്കിത് സിര്‍സയാണ് പിടിയിലായത്. ഇന്നലെ രാത്രി ന്യൂഡല്‍ഹിയിലെ ഐഎസ്ബിടി ബസ് ടെര്‍മിനില്‍ നിന്നാണ് പതിനെട്ടുകാരനായ അങ്കിതിനെ പൊലീസ് പിടികൂടിയത്. സിദ്ധു മൂസെ വാലയെ ഏറ്റവും അടുത്ത് നിന്ന് ആറ് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ കൂട്ടാളി സച്ചിന്‍ വിര്‍മാനിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗത്തിലുള്ളവരണന്ന് പൊലീസ് പറഞ്ഞു.മെയ് 29 നാണ് ​ഗായകനും കോൺ​ഗ്രസ് പ്രവർത്തകനുമായ സിദ്ധു മൂസെവാലയെ വെടിവെച്ച് കൊലപെടുത്തിയത്.

ശരീരത്തില്‍ 19 വെടിയുണ്ടകളേറ്റിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മൂസേവാല മരിച്ചു. ജയിലില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാരോപിക്കപ്പെടുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയാണ് കൊലപാതകത്തിലെ മുഖ്യപ്രതി.

കൊലപാതക സമയത്ത് സിദ്ധുവിന്റെ അടുത്ത് ചെന്ന് അങ്കിത് സിര്‍സ രണ്ട് കൈകളും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. സംഭവ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് സിര്‍സയെ പോലീസ് പിടികൂടിയത്.