നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ എന്നും എംവി ഗോവിന്ദൻ ചോദിച്ചു. രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ആ നിലപാട് അല്ലല്ലോ പിഡിപി എടുക്കുന്നത്? പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക. അത്തരം ശക്തികൾക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്നും എം സ്വരാജ് പറഞ്ഞു.