അബ്രാഹ്‌മണനെയോ വനിതയെയോ സര്‍സംഘചാലക് ആക്കുമോ; ആര്‍.എസ്.എസിന് എതിരെ ദിഗ് വിജയ് സിംഗ്

വിജയദശമി ദിനത്തിലെ പ്രസംഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് വനിതാ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്.

‘ആര്‍എസ്എസ് മാറുകയാണോ?. ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍ മായ്ക്കാന്‍ കഴിയുമോ?. ആര്‍എസ്എസിന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം ഗൗരവത്തോടെയാണോ നിങ്ങള്‍ കാണുന്നത്. എങ്കില്‍ മോഹന്‍ ഭാഗവതിനോട് എനിക്ക് ചില ചോദ്യങ്ങളുണ്ട്.’, ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു.

ഹിന്ദു രാഷ്ട്രമെന്ന അജണ്ട കൈവിടുമോ?. ഒരു വനിതയെ സര്‍സംഘചാലക് ആക്കുമോ?. അടുത്ത സര്‍സംഘചാലക് കൊങ്കസ്ത്, ചിത്പവന്‍, ബ്രാഹ്‌മണന്‍ അല്ലാത്തയൊരാളെ ആക്കുമോ?. പിന്നോക്ക, ദളിത്, ആദിവാസി സര്‍സംഘചാലകിന് സര്‍സംഘചാലകിന്റെ അംഗീകാരങ്ങളെല്ലാം നല്‍കുമോ?’, ദിഗ്വിജയ് സിങ് ചോദ്യമുന്നയിച്ചു.

തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചാല്‍ തനിക്ക് ആര്‍എസ്എസിനോട് യാതൊരു പ്രശ്നവുമില്ല. ഇങ്ങനെയൊക്കെ ചെയ്താല്‍ മോഹന്‍ ഭാഗവതിന്റെ ആരാധകനാവും താനെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.