മുകേഷ് അംബാനി കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്തും

പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തും. മുബൈയില്‍ നടന്ന റിലയന്‍സ് ഗ്രൂപ്പിന്റെ 42-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.

“കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇവിടുത്തെ ജനങ്ങള്‍ക്കു വേണ്ടിയുളള പത്യേക പദ്ധതികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്” ജനറല്‍ ബോഡി യോഗത്തില്‍ അംബാനി പറഞ്ഞെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ രാജ്യത്തെ വ്യവസായികളോട് ആഹ്വാനം ചെയ്തിരുന്നു.

റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ റിലയന്‍സ് ജനറല്‍ ബോഡിയില്‍ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം. ഇതോടൊപ്പം റിലയന്‍സ് പെട്രോളിയത്തില്‍ സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ ആരാംകോ നിക്ഷേപം നടത്തുമെന്ന വിവരവും മുകേഷ് അംബാനി ജനറല്‍ ബോഡിയെ അറിയിച്ചു.