കേന്ദ്ര സർക്കാരിന് തിരിച്ചടി; പെഗാസസ് ആരോപണത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

 

പെഗാസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണ സമിതി രൂപീകരിച്ച് സുപ്രീംകോടതി. ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടെയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയുടെ തലവനാകും, നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തെ സഹായിക്കും.

സമിതിയുടെ റിപ്പോർട്ട് രണ്ട് മാസത്തിന് ശേഷം അടുത്ത വാദം കേൾക്കുമ്പോൾ കോടതിക്ക് കൈമാറണം. “ഞങ്ങൾ സർക്കാരിന് നോട്ടീസ് അയച്ചു. സർക്കാർ സ്വീകരിച്ച എല്ലാ നടപടികളുടെയും വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ സർക്കാരിന് ധാരാളം അവസരം നൽകി. എന്നാൽ ആവർത്തിച്ച് അവസരം നൽകിയിട്ടും വ്യക്തതയില്ലാത്ത പരിമിതമായ സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. സർക്കാർ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിൽ കോടതിയുടെ ജോലി എളുപ്പമാകുമായിരുന്നു.ദേശീയ സുരക്ഷയുടെ കാര്യം വരുന്ന ഓരോ ഘട്ടത്തിലും സർക്കാരിന് എന്തുമാകാം എന്ന് അർത്ഥമില്ല,” സുപ്രീം കോടതി പറഞ്ഞു.

“കോടതി ദേശീയ സുരക്ഷയിൽ കടന്നുകയറില്ല, പക്ഷേ അത് കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കില്ല. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതാണ് ആരോപണങ്ങളുടെ സ്വഭാവം. ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. വിദേശ ഏജൻസികൾ ഉൾപ്പെട്ടതായും ആരോപണമുണ്ട്.” കോടതി നിരീക്ഷിച്ചു.