സീമ പാത്രയുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് സ്വന്തം മകന്‍, പ്രതികരിച്ചപ്പോള്‍ മാനസികരോഗിയാക്കി

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ ക്രൂരമായി വര്‍ഷങ്ങളോളം മര്‍ദ്ദിച്ച ബിജെപി നേതാവ് സീമ പാത്രയുടെ ക്രൂരത പുറത്തുകൊണ്ടുവന്നത് സ്വന്തം മകന്‍. വീട്ടുജോലിക്കാരിയോട് അമ്മ കാണിക്കുന്ന ക്രൂരതകള്‍ മകന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. സുനിതയെ പീഡിപ്പിക്കുന്നതിനെതിരെ സംസാരിച്ച മകന് മാനസിക രോഗമാണെന്ന് ആരോപിച്ച് ചികിത്സിച്ചിരുന്നുവെന്നും സീമ പാത്രയ്‌ക്കെതിരായ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ജാര്‍ഖണ്ഡ് ബിജെപി സസ്‌പെന്‍ഡ് ചെയ്ത സീമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ.

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ ദേഹത്ത് പാത്രം ചൂടാക്കി പൊള്ളിക്കുകയും, വടികൊണ്ട് തല്ലുകയും, മൂത്രം നക്കി വൃത്തിയാക്കികുകയും ചെയ്തിരുന്നതായി സീമ പാത്രയ്‌ക്കെതിരായ എഫ്‌ഐആറില്‍ പറയുന്നു. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന സുനിസ ആശുപത്രിയില്‍ ചികിത്സയിലാണ്.

തന്നെ കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. ആരോഗ്യം ക്ഷയിച്ച് അവശയായതോടെ സുനിതയെ വാരാണസിയിലെ ആശ്രമത്തില്‍ ഉപേക്ഷിക്കാനായിരുന്നു സീമ പാത്രയുടെ തീരുമാനമെന്നും എഫ്‌ഐആറിലുണ്ട്.