അധ്യയന വര്‍ഷം ഉപേക്ഷിക്കില്ല; കോളജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സെക്രട്ടറി

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. 2020-21 അധ്യയന വര്‍ഷം  ഉപേക്ഷിക്കില്ല. കോളജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അമിത് ഖരെ മാനവ വിഭവശേഷി വകുപ്പിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അധ്യയന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം പേർക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നുണ്ട്. മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നാണ് സർവേ റിപ്പോർട്ട്.

കോളജുകളും, സ്‌കൂളുകളും എപ്പോള്‍ തുറക്കും എന്ന് ഖരെ വ്യക്തമാക്കിയിട്ടില്ല. അതെ സമയം സ്ഥിതി മെച്ചമാക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും എന്ന് അദ്ദേഹം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. നവംബര്‍ ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകും എന്നാണ് പ്രതീക്ഷ എന്നും അമിത് ഖരെ അറിയിച്ചു.

ഇന്ത്യയിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കാനായിരുന്നു തീരുമാനം. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിച്ചു.