കേസ് സി.ബി.ഐക്ക് വിടണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി; എഫ്.ഐ.ആര്‍ റദ്ദാക്കില്ലെന്നും കോടതി

വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്ക് വിടണമെന്ന മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവി ഉടമയുമായ  അര്‍ണാബ് ഗോസ്വാമിയുടെ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഈ തീരുമാനമെടുത്തത്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മരവിപ്പിക്കണമെന്നും, കേസ് സിബിഐ അന്വേഷണത്തിലേക്ക് മാറ്റണമെന്നുമായിരുന്നു അർണബിൻറെ ആവശ്യം. “ആര്‍ട്ടിക്കിള്‍ 32 പ്രകാരം എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സ്വീകരിക്കുന്നില്ല. ഹർജിക്കാരന് ഉചിതമായ കോടതിയില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്,” കോടതി പറഞ്ഞു.

അര്‍ണബിന് തുടര്‍ന്നും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നല്‍കണമെന്ന് മുംബൈ പൊലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചയ്ക്കു കൂടി ഈ സംരക്ഷണം നീട്ടിയിട്ടുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32, മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്നതാണന്നും അധികാരിവര്‍ഗത്തോട് സത്യം വിളിച്ചു പറയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്ന കാലം വരെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുമെന്നും വിധിപ്രസ്താവത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനം ഉന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോണ്‍ഗ്രസിനെയും സോണിയ ഗാന്ധിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പുര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.