ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാൻ സമയം നീട്ടി ചോദിച്ച് എസ്ബിഐ; തിരഞ്ഞെടുപ്പിന് മുൻപ് അഴിമതി പുറത്താകാതിരിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രീംകോടതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). വിവരങ്ങള്‍ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് എസ്ബിഐയുടെ ആവശ്യം. മാര്‍ച്ച് ആറിന് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നാണ് നേരത്തേ സുപ്രീംകോടതി എസ്ബിഐയോട് നിര്‍ദേശിച്ചിരുന്നത്.

സങ്കീർണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നൽകണമെന്നുമാണ് എസ്ബിഐ വ്യക്തമാക്കുന്നത്. എന്നാൽ വിവരങ്ങൾ സമർപ്പിക്കാൻ സാവകാശം തേടിയുള്ള എസ്ബിഐ അപേക്ഷയിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പുറത്ത് വരാതിരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷം വിമർശിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് വിവരങ്ങൾ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് എസ്ബിഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമായ ഇലക്ടറല്‍ ബോണ്ട് ഫെബ്രുവരി 15നാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കിയത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിധി. അതിനൊപ്പമാണ് ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ എസ്ബിഐയോടും ഈ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിര്‍ദേശിച്ചത്. പുതുതായി ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്താനും സുപ്രീം കോടതി എസ്ബിഐയോട് നിര്‍ദേശിച്ചിരുന്നു.