'പൗരത്വ ബില്ലിന്‍റെ പേരില്‍ രാജ്യത്ത് ആക്രമണം നടക്കുന്നു'; രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് ശിവസേന 

പൗരത്വ ഭേതഗതി ബില്ലിനെ ശിവസേന രാജ്യസഭയില്‍ എതിര്‍ത്തു. ബില്ലിനെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് ശിവസേന എംപി സഞ്ജയ് റൌത്ത് അഭിപ്രായപ്പെട്ടു. ദേശസ്നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ബില്ലിന്‍റെ പേരില്‍ രാജ്യത്ത് ആക്രമണം നടക്കുകയാണെന്ന് സഞ്ജയ് റൌത്ത് പറഞ്ഞു. ചിലര്‍ എല്ലായിടത്തും ഹെഡ്മാസ്റ്റര്‍ കളിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് അവകാശം നല്‍കാനാണോ സര്‍ക്കാര്‍ നീക്കം. 25 വര്‍ഷത്തേക്ക് അഭയാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് അവകാശം നല്‍കേണ്ടതില്ലെന്നും ശിവസേന എംപി അഭിപ്രായപ്പെട്ടു.

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദമാണ് ശിവസേനയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. ദേശീയ താത്പര്യം പരിഗണിച്ച് ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു തിങ്കളാഴ്ച ലോക്സഭയില്‍ ശിവസേന സ്വീകരിച്ച നിലപാട്.