സംഘപരിവാര്‍ വീണ്ടും 'കഴിവ്' തെളിയിക്കുന്നു; സര്‍ഫ് എക്‌സല്‍ പരസ്യത്തിന്റെ രോഷം മൈക്രോസോഫ്റ്റ് എക്‌സലിനോട്; പ്ലേ സ്റ്റോറില്‍ മുട്ടന്‍ തെറി

ഹോളി വിപണി ലക്ഷ്യമിട്ട് ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി പുറത്തിറക്കിയ സര്‍ഫ്എക്‌സല്‍ ഡിറ്റര്‍ജെന്റ് പൗഡറിന്റെ പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നവെന്ന് പറഞ്ഞ് നടത്തിയ സംഘപരിവാര്‍ പ്രതിഷേധം അടപടലം തകര്‍പ്പണമായതിന് പിന്നാലെ തങ്ങളുടെ മണ്ടത്തരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

ad

ബോയ്‌കോട്ട് സര്‍ഫ്എക്‌സല്‍ എന്ന പേരില്‍ നടത്തിയ ബഹിഷ്‌കരണ അഹ്വാനം സൈബര്‍ ഇടത്തില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. മതസൗഹാര്‍ദം കൊണ്‍സ്പ്റ്റിലൂടെ ഒരുക്കിയ കൊച്ചുകുട്ടികളെ അഭിനേതാക്കളായി ഒരുക്കിയ മനോഹര പരസ്യത്തിനെതിരെ സംഘപരിവാര്‍ വാളെടുത്ത് രംഗത്ത് വന്നതോടെയാണ് സര്‍ഫ് എക്സല്‍ എന്ന അലക്ക് പൊടി സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരമായത്.

ad

ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണെന്നും മുസ്ലിം യുവാക്കള്‍ ഹിന്ദുക്കളെ സ്‌നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് പറയപ്പെടുന്ന “ലൗ ജിഹാദിനെ” യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നുമാണ് സംഘപരിവാര്‍ പരസ്യത്തിനെതിരെ ആരോപിക്കുന്നത്. ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, സംഘപരിവാര്‍ നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധം ഫലം കാണാതാവുകയും ചെയ്തിരുന്നു.

Read more

അതേസമയം, സര്‍ഫ്എക്‌സലിനെതിരേയുള്ള രോഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തീര്‍ക്കുന്നത് മൈക്രോസോഫ്റ്റ് എക്‌സലിനെതിരേയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എക്‌സല്‍ ആപ്ലിക്കേഷന്റെ റേറ്റിങ് കുറച്ചും താഴെ കമന്റുകളില്‍ മുട്ടന്‍ തെറികള്‍ എഴുതിയുമാണ് സംഘപരിവാര്‍ തങ്ങളുടെ “പ്രതിഷേധം” കടുപ്പിക്കുന്നത്.