കോട്ട ശിശുമരണം: കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത, മുൻ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ കൂട്ട ശിശുമരണത്തിൽ  മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെ വിമർശിച്ച്​ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​​. ശിശുമരണങ്ങളിൽ മുൻ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഇപ്പോൾ നടന്നതിന്​ ആരാണ്​ ഉത്തരവാദിയെന്നാണ്​ പരിശോധിക്കേണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു​.

“അക്കങ്ങളുടെ വല വിരിച്ചുകൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. മുന്‍കാലങ്ങളില്‍ എന്തുനടന്നു എന്നതിനെ കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതില്ല. ഇപ്പോള്‍ നടന്നതിന്റെ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്”.- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം. ആദ്യമായിട്ടാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് സ്വന്തം സര്‍ക്കാരിനെതിരെ ഇത്തരത്തിലൊരു വിമര്‍ശനമുയരുന്നത്.

“നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം നമുക്കാണ്. വസുന്ധര രാജയുടെ തെറ്റുകള്‍ക്കെതിരായിട്ടാണ് ആളുകള്‍ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്.  ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കൂടുതല്‍ അനുകമ്പയോടെയുള്ളതും സൂക്ഷമതയോടെയുമാകണമെന്ന് ഞാന്‍ കരുതുന്നു. അധികാരത്തിലേറിയിട്ട് 13 മാസമായിട്ടും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്രയധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.”-സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കോട്ട ജെ.കെ.ലോണ്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയി.