'കശ്മീരിൽ നിയന്ത്രണം തുടരും, ജമ്മുവിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു'

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജമ്മുവിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട് എന്നും, കശ്മീരിൽ കുറച്ചുകാലം നിയന്ത്രണങ്ങൾ തുടരുമെന്നും ജമ്മുകശ്മീരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആർക്കും വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അഭൂതപൂർവമായ സുരക്ഷാ പരിരക്ഷകൾക്കും നിരോധന ഉത്തരവുകൾക്കുമാണ് ഓഗസ്റ്റ് 4 മുതൽ ജമ്മു കശ്മീർ വിധേയമായി കൊണ്ടിരിക്കുന്നത്. ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന് ഉണ്ടായിരുന്ന പ്രത്യേക പദവി പിൻവലിച്ചതായും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുമെന്നും സർക്കാർ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു കേന്ദ്രത്തിന്റെ ഈ നടപടി.

ജമ്മുവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. കശ്മീരിലെ ചില സ്ഥലങ്ങളിൽ കുറച്ചുകാലം നിയന്ത്രണം തുടരുമെന്നും ശ്രീനഗറിൽ നടന്ന പത്രസമ്മേളനത്തിൽ ജമ്മു കശ്മീർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ മുനീർ ഖാൻ പറഞ്ഞു.

പെല്ലറ്റ് ആക്രമണത്തിൽ ഏതാനും ചിലർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും അവർ ചികിത്സയിലാണെന്നും. സംസ്ഥാനത്തുടനീളം സമാധാനപരമായ സ്വാതന്ത്ര്യദിനാഘോഷം ഉറപ്പാക്കുകയാണ് ഇപ്പോൾ പ്രധാന ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ കശ്മീർ താഴ്‌വരയിലെ 400 ഓളം രാഷ്ട്രീയ നേതാക്കൾ തടങ്കലിലാണ്. 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരുവുകളിൽ വിന്യസിച്ചിരിക്കുന്നത്, ഫോൺ സേവനവും ഇന്റർനെറ്റും ഇപ്പോഴും ജനങ്ങൾക്ക് ലഭ്യമായിട്ടില്ല.