ബിഹാറില്‍ കോണ്‍ഗ്രസിന് ആശ്വാസം; ശക്തി പകര്‍ന്ന് പപ്പു യാദവും കോണ്‍ഗ്രസില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് പപ്പു യാദവിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും തേജസ്വി യാദവുമായി പപ്പു യാദവ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസില്‍ ലയിച്ചത്.

കഴിഞ്ഞ ദിവസമാണ് പപ്പു യാദവ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. 2015ല്‍ ആയിരുന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്‍ജെഡിയില്‍ നിന്ന് പപ്പു യാദവിനെ പുറത്താക്കിയത്.

ഇതേ തുടര്‍ന്നാണ് പപ്പു സ്വന്തം പാര്‍ട്ടിയായ ജന്‍ അധികാര്‍ പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസില്‍ അംഗത്വം നേടിയതിന് പിന്നാലെ ബിഹാറിലെ പുര്‍ണിയ ലോക്‌സഭ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പപ്പു യാദവ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.