ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ചു; അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് തല്ലി

ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മുറിയിലിട്ട് പൂട്ടി മുളവടി കൊണ്ട് മര്‍ദ്ദിച്ചു. ഝാര്‍ഖണ്ഡിലെ ഗുംലയിലാണ് സംഭവം. ഗുംല സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകന്‍ വികാസ് സിരില്‍ ആണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

ഡാന്‍സ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ തയ്യാറാകാഞ്ഞതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മര്‍ദ്ദനവിവരം വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. വിദ്യാര്‍ത്ഥികളെ തല്ലാനാണ് അദ്ദേഹവും പറഞ്ഞത്.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

13 വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.