തിരഞ്ഞെടുപ്പിനിടയിലെ ആക്രമണ സംഭവങ്ങൾ; മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീ-പോളിങ്

മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ ഇന്ന് റീ-പോളിങ് നടക്കും. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട ബൂത്തുകളിലാണ് റീ-പോളിങ് നടത്തുക. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളിലാണ് റീ-പോളിങ് നടക്കുന്നത്. അക്രമത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു.

ഏപ്രില്‍ 19നാണ് മണിപ്പൂരിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ഇന്നര്‍, ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ, വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറി. വെടിവെപ്പ്, ഇവിഎം മെഷീനുകള്‍ നശിപ്പിക്കല്‍, ബൂത്തു പിടിത്തം എന്നിവയുണ്ടായി. 72 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. തുടര്‍ന്ന്, റീ-പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇവിടങ്ങളിൽ വ്യാപകമായ ബൂത്തു പിടിത്തം നടന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 47 പോളിങ് സ്‌റ്റേഷനുകളില്‍ റീ-പോളിങ് നടത്തണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മണിപ്പൂർ കലാപത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ആക്രമണ സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ സൈനിക വിന്യാസം നടത്തിയിരുന്നു. എന്നിട്ടും പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിനിടെ, വെടിവെയ്പ്പ് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തിയത്.