മധ്യപ്രദേശില്‍ വ്യാപക വന്യമൃഗവേട്ടയാടല്‍; കെണിയില്‍ പെട്ട് പുള്ളിപ്പുലി ചത്തു

മധ്യപ്രദേശില്‍ നായാട്ട് സംഘങ്ങളുടെ വന്യമൃഗവേട്ട വ്യാപകമാകുന്നു. ഷാഡോള്‍ ജില്ലയിലെ വനമേഖലയില്‍ വേട്ടക്കാര്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ പെട്ട് പുള്ളിപ്പുലി ചത്തു. ബിയോഹാരി ഫോറസ്റ്റ് റേഞ്ചിലെ ഖര്‍പ ബീറ്റിലുള്ള കുറ്റിക്കാട്ടില്‍ വെള്ളിയാഴ്ചയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.

വേറെ ചില മൃഗങ്ങള്‍ക്കായി വേട്ടക്കാര്‍ സ്ഥാപിച്ച ഇലക്ട്രിക് വയറിലെ കെണിയില്‍ പെട്ട് പുള്ളിപ്പുലി ചത്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.അന്വേഷണത്തില്‍ പുള്ളിപ്പുലിയുടെ ജഡം സമീപത്തെ കുറ്റിക്കാട്ടില്‍ വേട്ടക്കാര്‍ തള്ളിയതാണെന്ന് തെളിഞ്ഞു.

ചത്ത നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്ക് ഏകദേശം ഏഴ് വയസ്സ് പ്രായമുണ്ടെന്നും, പുലി ചത്തിട്ട് രണ്ട് മൂന്ന് ദിവസമായെന്ന് കരുതുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വര്‍ഗമാണ് ഇന്ത്യന്‍ പുള്ളിപ്പുലി.