രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയ പരിപാടി; പങ്കെടുക്കില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നതായും കോണ്‍ഗ്രസ് അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. മതം വ്യക്തിപരമായ കാര്യമാണ്. അയോദ്ധ്യ രാമക്ഷേത്രം ആര്‍എസ്എസും ബിജെപിയും സൃഷ്ടിച്ച രാഷ്ട്രീയ പദ്ധതിയാണ്. പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി തയ്യാറാക്കിയതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പറയുന്നു.

2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യ സഖ്യത്തിലുള്‍പ്പെടെ ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത് കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ജനുവരി 22ന് ആണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്നത്.