ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

ഉപരാഷ്ട്രപതി പദത്തില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവച്ച് പടിയിറങ്ങിയ ജഗദീപ് ധന്‍കറിന് പകരം ബീഹാറില്‍ നിന്നുള്ള രാം നാഥ് താക്കൂറിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാം നാഥ് താക്കൂറിനെ പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവുമാണ് രാം നാഥ് താക്കൂര്‍.

ബീഹാറിലെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള രാം നാഥ് താക്കൂര്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ മകനാണ്. ബീഹാറിലെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള രാം നാഥ് താക്കൂറിനെ ഉപരാഷ്ട്രപതി പദത്തില്‍ എത്തിച്ചാല്‍ ബീഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.

Read more

അതേസമയം ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുന്ന ജെപി നഡ്ഡയുടെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതിനൊപ്പം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, നിലവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ശ് നാരായണ്‍ സിങ് എന്നീ പേരുകളും പരിഗണനയിലുണ്ടെന്നാണ് വിവരം.