പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി

പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയില്‍ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരന്തരമായി അമേഠിയില്‍ ആര് മത്സരിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വന്ദ്ര അമേഠിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപിപ്പിച്ചിരുന്നു.

കുടുംബവുമായി ആലോചിച്ച് രാഷ്ട്രീയപ്രവേശനം തീരുമാനിക്കുമെന്ന് റോബർട്ട് വന്ദ്ര പറഞ്ഞിരുന്നു. രാജ്യത്തിന്റെ താൽപര്യം അറിഞ്ഞ് പ്രവർത്തിക്കുമെന്നും ജനങ്ങൾക്കു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ റോബര്‍ട്ട് വദ്രയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു വദ്രയുടെ വരവ്. വദ്ര മത്സരിച്ചാല്‍ പല അഴിമതി കേസുകളും പൊങ്ങി വരാനുള്ള സാധ്യതയുണ്ടെന്നും പാര്‍ട്ടിയെ മൊത്തത്തില്‍ അതിബാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തി.

Read more

ഇക്കുറി അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ ചോദ്യമെന്ന പരിഹാസത്തോടെ മറുപടി നല്‍കിയ രാഹുല്‍ ഗാന്ധി മത്സര സാധ്യത തള്ളിയില്ല. തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് രാഹുലിന്റെ നിലപാട്. അതേസമയം രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ പൊതുവികാരം. മണ്ഡലം ഉപേക്ഷിക്കരുതെന്ന് ഉത്തര്‍ പ്രദേശ് പിസിസിയും പറഞ്ഞിട്ടുണ്ട്. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നത് വയനാട്ടില്‍ ദോഷം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിൽ ഇതുവരെയും അമേഠിയിൽ ആരാണ് സ്ഥാനാർത്ഥി എന്നത് സംബന്ധിച്ച് പാർട്ടിയിൽ തീരുമാനം ആയിട്ടില്ല. അതിനിടയിലാണ് രാഹുലിന്റെ ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.