'ഞങ്ങൾ ശൈലജ ടീച്ചർക്കൊപ്പം'; സൈബർ ആക്രമണത്തിൽ ഷാഫിക്ക്‌ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല: കെ കെ രമ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കെ.കെ.രമ എംഎൽഎ. ഇത്തരം പ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കെ.കെ രമ കുറ്റപ്പെടുത്തി. അതേസമയം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് സംഭവത്തിൽ യാതൊരു അറിവുമില്ലെന്നും കെ.കെ രമ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ രമ.

ഷാഫി പറമ്പിലാണ് ഷൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിലുള്ളതെന്ന തരത്തിലുള്ള ആരോപണങ്ങൾ നുണയും ശുദ്ധ അസംബദ്ധമാണെന്നും കെ.കെ രാമ പറഞ്ഞു. ഈ ആരോപണങ്ങളെ താൻ നിഷേദിക്കുന്നതായും കെ.കെ രമ വ്യക്തമാക്കി. സ്ത്രീകൾക്കെതിയുള്ള അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം. ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു. കേരളത്തിൽ പൊതു രംഗത്തുള്ള സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സൈബർ ആക്രമണമാണ്.

ശൈലജയ്‌ക്കെതിരായ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണ്. സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട വിഷയമാണിതെന്നും സംഭവത്തിൽ ആരാണ് ഉൾപ്പെട്ടത് എന്ന് കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു. ശൈലജയ്ക്കെതിരായ വ്യക്തിഹത്യ ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്. സ്ത്രീകൾ രാഷ്ട്രീയം പറയുമ്പോൾ അവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രവർത്തനം ഉണ്ടാവരുത്. ഷാഫിയുടെ ഭാഗത്തു നിന്ന് അത് ഉണ്ടായിട്ടില്ല. ഇത്തരം പ്രവൃത്തികൾ പാർട്ടി പ്രവർത്തകർ ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും കെ.കെ രമ പറഞ്ഞു.