അമേഠിയില്‍ സ്‌ട്രോംഗ് റൂമില്‍ നിന്നും ഇ.വി.എമ്മുകള്‍ ട്രക്കില്‍ കടത്തുന്ന വീഡിയോ പുറത്തു വിട്ട് കോണ്‍ഗ്രസ്; റീ പോളിംഗ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

അമേഠിയില്‍ സ്ട്രോംഗ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ പുറത്തെത്തിച്ച് ട്രക്കുകളില്‍ കടത്തി കൊണ്ടു പോകുന്ന വീഡിയോ പുറത്തു വിട്ട് കോണ്‍ഗ്രസ്. പിന്നാലെ അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി റീ പോളിംഗ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് അമേഠി.

ആരുടെ നിര്‍ദേശപ്രകാരമാണ് ഇ.വി.എമ്മുകള്‍ സ്ട്രോംഗ് റൂമിന് പുറത്തേക്ക് എടുത്തതെന്ന് വ്യക്തമല്ല. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വീഡിയോ ഷൂട്ട് ചെയ്തത്. സംശയാസ്പദമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഇ.വി.എം മാറ്റുന്നതായുള്ള ഒരു അറിയിപ്പും തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

സംഭവത്തെ കുറിച്ച് ചോദിക്കാനായി ജില്ലാ ഓഫീസറുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര പറഞ്ഞു. അമേഠിയിലെ ഗൗരിരാജ് ഏരിയയിലുള്ള ഗേള്‍സ് സ്‌കൂളിലാണ് ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെയ് 6 നായിരുന്നു അമേഠിയിലെ വോട്ടെടുപ്പ്.

ലഖ്‌നൗവില്‍ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കെ യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ ഇ.വി.എമ്മുകള്‍ ലോറിയില്‍ കയറ്റി വിടുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളുമായി പോകുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.