എന്റെ ജീവിതം ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ പോരാട്ടം: സത്യത്തിനായുള്ള പോരാട്ടത്തില്‍ ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി

നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, വിയര്‍പ്പൊഴുക്കണം. കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസിനെ ശാക്തീകരിക്കാന്‍ 20 നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പകുതി 50 വയസില്‍ താഴെ ഉളളവര്‍ക്ക് നല്‍കും. ഒരു കുടുംബം ഒരു ടിക്കറ്റ് നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതിയില്‍ അംഗീകാരം. പാര്‍ട്ടിയെ ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ രാജ്യവ്യാപക പദയാത്ര നടത്തും. കേരളമാതൃകയില്‍ ദേശീയതലത്തില്‍ രാഷ്ട്രീയകാര്യ സമിതി രൂപവല്‍ക്കരിക്കും.