ആരെയും വേദനിപ്പിക്കാനല്ല, ശ്രമിച്ചത് അഴിമതി തുറന്നുകാട്ടാനെന്ന് രാഹുല്‍; രണ്ട് വര്‍ഷം ശിക്ഷയില്‍ അയോഗ്യതയും,സമാനതകളില്ലാത്ത പ്രതിസന്ധി

മോദി പരാമര്‍ശത്തിലൂടെ അഴിമതി തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍. ആരെയും വേദനിപ്പിക്കണമെന്ന് വേണ്ടിയല്ല പരാമര്‍ശം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് അപ്പീലിന് സാവകാശം നല്‍കി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതോടെ അയോഗ്യത പ്രശ്‌നവും ഉയര്‍ന്നിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധ ആ സ്ഥാനത്തുനിന്ന് അയോഗ്യനാകുമെന്ന നിയമമാണ് വെല്ലുവിളിയാകുന്നത്. മാനനഷ്ടക്കേസില്‍ കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ വിധിച്ചതോടെ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടും.

അപ്പീല്‍ പോയി ശിക്ഷയിലും വിധിയിലും സ്റ്റേ നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് അംഗത്വം നിലനിര്‍ത്താന്‍ സാധിക്കൂ. ശിക്ഷ വിധിച്ചാല്‍ ഒരു സിറ്റിംഗ് അംഗത്തിന് മൂന്നു മാസം അയോഗ്യത നടപ്പിലാകില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി 2018ല്‍ എടുത്തുമാറ്റിയിരുന്നു. ലക്ഷദ്വീപ് എം.പിയെ അടുത്തകാലത്ത് ഒരു കേസില്‍ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയെങ്കിലും അദ്ദേഹം സ്റ്റേ സമ്പാദിച്ചതോടെ അത് മറികടന്നിരുന്നു. വിധി വന്നതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.

മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ നല്‍കിയ പരാതിയില്‍ വാദം കേട്ട സൂറത്ത് കോടതിയാണ് രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read more

2019ല്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ
ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ പരാതി നല്‍കിയത്.
വിധി കേള്‍ക്കാന്‍ രാഹുലും കോടതിയിലെത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.