'അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, ചോദ്യം നിര്‍ത്തില്ല':  മോദിക്ക് എതിരെ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനി ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഗൗതം അദാനിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല.

നരേന്ദ്ര മോദി അദാനിക്ക് കോടികള്‍ നല്‍കുന്നു. പ്രവര്‍ത്തന പരിചയമില്ലാത്ത അദാനിക്ക് വിമാനത്താവളങ്ങള്‍ തീറെഴുതി കൊടുത്തു. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം രാഹുല്‍ ഗാന്ധി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയതായിരുന്നു രാഹുല്‍.

അദാനി ഷെല്‍ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപ ആരുടേതെന്ന ചോദ്യമാണ് താന്‍ പലതവണ ചോദിച്ചത്. എന്നാല്‍ മറുപടി പറയാതെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസ് വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പുതിയ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാകും എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി നാല് സുപ്രധാന പദ്ധതികളും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ വാഗ്ദാനം ചെയ്തു. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാനി, യുവനിധി എന്നീ പദ്ധതികള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.

ഗൃഹജ്യോതി സമ്പൂര്‍ണ വൈദ്യുതി വല്‍ക്കരണവും ഗൃഹലക്ഷ്മി വീട്ടമ്മമാരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതുമാണ്. അന്നഭാനി ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടതും യുവനിധി തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 3000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയുമാണ്.