'ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാര്‍',റോബര്‍ട്ട് വദ്ര

രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് ബിസിനസുകാരനും,കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. ആളുകള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും. ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡോറിലെത്തിയതാണ് അദ്ദേഹം.

നിലവില്‍ രാജ്യത്തുള്ളത് യഥാര്‍ത്ഥ ജനാധിപത്യമല്ലെന്ന് വദ്ര പറഞ്ഞു.

‘വലിയ അധികാരങ്ങള്‍ വലിയ ഉത്തരവദിത്തങ്ങള്‍ നല്‍കുന്നുണ്ട്. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.ഞാന്‍ രാഷ്ട്രീയം മനസ്സിലാക്കുന്നു. ഞാന്‍ അവരെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നല്ല മാറ്റം കൊണ്ടുവരാന്‍ എനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ഞാന്‍ തീര്‍ച്ചയായും തയ്യാറാണ്.’ അദ്ദേഹം പറഞ്ഞു.

രാജ്യവും രാഷ്ട്രീയവും രണ്ടും മാറുകയാണ്. എന്നാല്‍ രാജ്യം മാറുന്ന രീതി പരിഭ്രാന്തരാക്കുന്നുണ്ട്. സത്യം പറയാന്‍ മാധ്യമങ്ങള്‍ ഭയപ്പെടുന്നു. ഇതല്ല യഥാര്‍ത്ഥ ജനാധിപത്യമെന്ന് വദ്ര വ്യക്തമാക്കി.

ഇത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിരാശയില്ലെന്നും, പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് താന്‍ 10 ല്‍ 10ഉം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മഹാകാല്‍ ക്ഷേത്രത്തിന്റെ വികസനത്തിനായി ഭരണകക്ഷിയായ ബിജെപി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇവിടെ മാറ്റം വരുന്നതെന്നും വദ്ര പറഞ്ഞു.