തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള രഹസ്യ ധാരണകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ കൈകോർക്കുകയാണെന്നും വിജയ് ആരോപിച്ചു. പരസ്പരം പോരടിക്കുന്നു എന്ന് വരുത്തിത്തീർത്ത് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ ശൈലിയെയും വിജയ് തുറന്നുകാട്ടി.
‘നോക്കൂ. ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ; നീയല്ലെങ്കിൽ ഞാൻ. നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു! ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.
ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്നമല്ല; നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്. എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്. ഒരു വശത്തുനിന്ന് എസ്പികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ? വിജയ് പറഞ്ഞു.







