“മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങളും ഗതാഗതക്കുരുക്ക് കാരണം,” മുൻ മുഖ്യമന്ത്രിയുടെ ഭാര്യ

മുംബൈയിലെ ഗതാഗതക്കുരുക്കാണ് നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ റോഡുകളുടെയും ഗതാഗതത്തിന്റെയും അവസ്ഥയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, അമൃത ഫഡ്‌നാവിസിന്റെ പേര് പരാമർശിക്കാതെ പ്രസ്താവനയെ പരിഹസിക്കുകയും അതിനെ “ഇന്നത്തെ ഏറ്റവും മികച്ച യുക്തിസഹമല്ലാത്ത പ്രസ്താവന” എന്ന് വിളിക്കുകയും ചെയ്തു. അമൃത ഫഡ്‌നാവിസിന്റെ പ്രസ്താവനയെ പരിഹസിച്ച നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരാളാണ് പ്രിയങ്ക ചതുർവേദി. ചിലർ അവരുടേതായ തമാശകളും മീമുകളും ചേർത്താണ് അമൃതയുടെ അഭിപ്രായത്തെ പരിഹസിക്കുന്നത്.

“മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങളും ഗതാഗതക്കുരുക്ക് മൂലം ആളുകൾക്ക് അവരുടെ കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിയാത്തതിനാലാണെന്ന് നിങ്ങൾക്കറിയാമോ?” എന്ന് അമൃത ഫഡ്‌നാവിസ് ചോദിച്ചു.

റോഡുകളിലെ കുഴികളും ഗതാഗതക്കുരുക്കിലും തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്ന് അമൃത ഫഡ്‌നാവിസ് പറഞ്ഞു. “ഞാൻ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. റോഡുകളിലെ ഗതാഗതക്കുരുക്കുകളും കുഴികളും നമ്മളെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്,” അവർ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയുടെ ഭാര്യയെ പരിഹസിച്ച പ്രിയങ്ക ചതുർവേദി, ബാംഗ്ലൂരിലെ കുടുംബങ്ങൾ അമൃതയുടെ അവകാശവാദത്തെക്കുറിച്ച് വായിക്കുന്നത് ഒഴിവാക്കണമെന്ന് പരിഹസിച്ചു. “റോഡുകളിലെ ട്രാഫിക് കാരണം 3% മുംബൈക്കാർ വിവാഹമോചനം നേടുന്നുവെന്ന് അവകാശപ്പെടുന്ന സ്ത്രീക്കാണ് ഈ ദിവസത്തെ മികച്ച (ഇൽ) ലോജിക് അവാർഡ്. ബാംഗ്ലൂരിലെ കുടുംബങ്ങൾ ദയവായി ഇത് വായിക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ ദാമ്പത്യത്തിന് അത് മാരകമായേക്കാം,” ചിരി ഇമോജിയോടൊപ്പം പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.