സംഘർഷ പ്രദേശത്തേയ്ക്ക് എത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞു, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഉത്തർപ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. സോൻഭദ്രയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മിര്‍സാപുരിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതോടെ പ്രിയങ്കയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഗോണ്ട് സമുദായത്തിൽ പെട്ടവരാണ് മരിച്ചവരും പരിക്കേറ്റവരും. ഭൂമിയെ ചൊല്ലി ഗുജ്ജർ,  ഗോണ്ട് സമുദായക്കാർ തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സമാധാനപരമായ രീതിയിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും കാണുന്നതിനാണ് അവിടെ എത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. എന്നാൽ ഒരാളെയും പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. തുടർന്ന് പ്രിയങ്കയും കൂടെയുള്ളവരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.