'സ്വാതന്ത്ര്യസമര കാലത്തെ മുസ്ലിം ലീഗിന്റെ നിലപടുകൾ നിറഞ്ഞത്'; കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക മുസ്ലീം ലീഗിൻ്റെ നിലപാടുകൾ നിറഞ്ഞതെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്ന് മോദി ആരോപിച്ചു. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളാണെന്നും മോദി വിമർശിച്ചു.

രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടന പത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു. രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്- എസ്പിയുടെയും പഴയ പഴയ സഖ്യം ഓർമ്മപ്പെടുത്തിയാണ് മോദിയുടെ പരിഹാസം.

ബിജെപി സർക്കാർ ഒരു വിവേചനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പദ്ധതികൾ എല്ലാ വിഭാഗത്തിലും എല്ലാ ജാതിയിലും എല്ലാവരിലും എത്തണം എന്നതാണ് ഞങ്ങളുടെ ചിന്ത, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടക്കുന്ന പൊതുയോഗത്തിൽ വേച്ഛയിരുന്നു മോദിയുടെ കടുത്ത വിമർശനം.

അതേസമയം, മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വിമര്‍ശിച്ചു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ പോരാടും. ജനാധിപത്യത്തെ ബിജെപി തകർത്തെന്നും സോണിയ ഗാന്ധി ആരോപിച്ചു.