തേജ് ബഹാദൂറിനെ മത്സരിപ്പിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിയമവിരുദ്ധം; മോദി ജവാന്മാരെ ഭയക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍

ലോക്‌സഭ  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തേജ് ബഹാദൂറിനെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കുന്നതിനെ വിലക്കുന്ന നിയമം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി ജവാന്മാരെ ഭയക്കുന്നതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

നോമിനേഷന്‍ തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് തേജ് ബഹാദൂറിന്റെ വക്കീല്‍ രാജേഷ് ഗുപ്ത പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്നത് തേജ് ബദാഹൂറും വ്യക്തമാക്കിയിരുന്നു. കാലത്ത് 6.15നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ തന്നോട് രേഖകളാവശ്യപ്പെട്ടതെന്നും 11 മണിക്കുള്ളില്‍ അത് ഡല്‍ഹിയിലെത്തിക്കാന്‍ താന്‍ അദാനിയോ അംബാനിയോ അല്ലെന്നും തേജ് ബഹാദൂര്‍ പറഞ്ഞു. 11 മണിക്കുള്ളില്‍ രേഖകളെത്തിക്കാത്തതിനെ തുടര്‍ന്നാണ് നോമിനേഷന്‍ റദ്ദാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.