50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

ബോളിവുഡില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഹിമാചലിലെ മാണ്ഡിയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കങ്കണ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് കങ്കണ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളുമാണ് ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കങ്കണ വെളിപ്പെടുത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും നടിക്കുണ്ട്.

98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകളുണ്ട്. 2 ലക്ഷം രൂപ കൈവശവും, 1.35 കോടി രൂപ ബാക്ക് അക്കൗണ്ടില്‍ നിക്ഷേപവും ഉണ്ട്.

17 കോടി രൂപ കടബാധ്യത ഉള്ളതായും സത്യവാങ്മൂലത്തില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന 16 കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫ്ളാറ്റുകളും, 15 കോടി രൂപ വിലമതിക്കുന്ന മണാലിയിലെ ഒരു ബംഗ്ലാവും കങ്കണയുടെ ഉടമസ്ഥതയിലുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 4 കോടി രൂപയും, മുന്‍ വര്‍ഷം 12.3 കോടി രൂപയും വരുമാനമായി നേടി. കൂടാതെ കങ്കണയുടെ പേരില്‍ 50 എല്‍ഐസി പോളിസികളും എട്ട് ക്രിമിനല്‍ കേസുകളുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനാണ് മൂന്ന് കേസുകള്‍. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

Read more