ഗാന്ധിയും ഗോഡ്‌സെയും ഒത്തുപോകില്ല: നിതീഷ് കുമാറിനെ വിമർശിച്ച് പ്രശാന്ത് കിഷോർ

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച്‌ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്നും രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോർ, ബിഹാറിന്റെ വികസനത്തിൽ ഉണ്ടായിട്ടുള്ള മുരടിപ്പിനെ ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ പ്രധാനമായും വിമർശനം ഉന്നയിച്ചത്.

“ഗാന്ധിയുടെ ആശയങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് നിതീഷ് ജി എല്ലായ്പ്പോഴും പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ പാർട്ടി ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയോട് മൃദു സമീപനം ഉള്ളവരോടൊപ്പം ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിയും ഗോഡ്സെയും ഒത്തു പോകില്ല,” പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിത്ഷ് കുമാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ട് പ്രശാന്ത് കിഷോർ ചൊവ്വാഴ്ച പറഞ്ഞു.

ജെഡിയുവിൽ നിന്ന് പുറത്താക്കിയ തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. “നിതീഷ് ജിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹത്തോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ ചോദ്യം ചെയ്യില്ല, ”പ്രശാന്ത് കിഷോർ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ നിതീഷ് കുമാറുമായി തനിക്ക് പ്രത്യയശാസ്ത്രപരമായ വിള്ളലുണ്ടെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.

ബിഹാറിലെ വികസനത്തിന്റെ മന്ദഗതിയെ കുറിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. “കഴിഞ്ഞ 15 വർഷത്തിനിടെ ബിഹാറിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് ഞാൻ പറയില്ല. എന്നാൽ നിങ്ങൾ ബിഹാറിനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ വികസനത്തിന്റെ വേഗം കുറവാണ്, ”പ്രശാന്ത് കിഷോർ പറഞ്ഞു.

“2005- ൽ ബിഹാർ ഏറ്റവും ദരിദ്ര സംസ്ഥാനമായിരുന്നു. അത് തുടരുകയാണ്. നിതീഷ് കുമാറിന്റെ ഭരണമാതൃകയെ ചോദ്യം ചെയ്യാൻ ആരുമില്ല,” പ്രശാന്ത് കിഷോർ പറഞ്ഞു.

“നിർണായകമായ നേതൃത്വം നമ്മൾക്ക് ആവശ്യമുണ്ട്. ബിഹാറിൽ വികസനം നടന്നിട്ടില്ലെന്ന് സാമൂഹികവും സാമ്പത്തികവുമായ മാനദണ്ഡങ്ങൾ പരിശോധിച്ച്‌ മനസ്സിലാക്കാം, ”പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. സംസ്ഥാന വികസനത്തിനായി നിതീഷ് കുമാർ എന്താണ് ചെയ്തതെന്നും അവർ സംസ്ഥാന വോട്ടെടുപ്പിൽ വിജയിച്ചാൽ എന്തുചെയ്യുമെന്നും ബിഹാർ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോർ ചൊവ്വാഴ്ച സംസ്ഥാനത്തെ യുവാക്കളിലേക്ക് എത്തിച്ചേരാനായി “ബാത്ത് ബിഹാർ കി”(ബിഹാറിന്റെ കാര്യം) പരിപാടി ആരംഭിച്ചു. പൗരത്വ നിയമത്തിനെതിരായ തുറന്ന നിലപാടിന് പ്രശാന്ത് കിഷോറിനെ ജെഡി (യു) യിൽ നിന്ന് നിതീഷ് കുമാർ പുറത്താക്കിയതിനെ തുടർന്നാണ് ഇത്.