'ഇതോ വികസനം', യോഗിക്കെതിരെയും പ്രകാശ് രാജ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. സാമൂഹിക മാധ്യമത്തിലൂടെയാണ് നടന്‍ യോഗി ആദിത്യനാഥിനെതിരെ രംഗത്തു വന്നത്. യുപിയില്‍ ലഖ്നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിച്ച സംഭവത്തിലാണ് താരം പ്രതികരിച്ചത്. ഇതു മാത്രമല്ല കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ മുന്നില്‍ നിക്ഷേപിച്ച് പ്രതിഷേധിച്ച സംഭവത്തെക്കുറിച്ചും പ്രകാശ് രാജ് തന്റെ ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

വികസനമെന്നത് ചുവരിന്റെ നിറം മാറ്റുന്നതാണോ? നിങ്ങളുടെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാമോ? ട്വീറ്റിനു പുറമെ ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്.

താരം ട്വീറ്റിനു കൂടെ ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ:

കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിങ്ങളുടെ വസതിയുടെ മുന്നില്‍ നിക്ഷേപിച്ച് പ്രതിഷേധിച്ചിരുന്നു. എന്നിട്ടും നിക്ഷേപിച്ച ഉരുളക്കിഴങ്ങുകള്‍ ഗുണനിലവാരമില്ലത്തായിരുന്നു. അതു കൊണ്ട് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കൃഷി വകുപ്പുമന്ത്രി പറയുന്നത്. ഇങ്ങനെയാണോ സര്‍ക്കാര്‍ കര്‍ഷകരുടെ മനോവേദന അറിയുന്നത്. വികസനമെന്നത് ചുവരിന്റെ നിറം മാറ്റുന്നതാണോ?

ലഖ്നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിച്ച യോഗി സര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു. ആദ്യം ലഖ്നൗ ഹജ്ജ് കമ്മറ്റി ഓഫീസിന്റെ നിറം പച്ചയും വെള്ളയുമായിരുന്നു. നിറം മാറ്റിയ സംഭവം വിവാദമായോതോടെ സര്‍ക്കാര്‍ കാവി നിറം മാറ്റി പഴയനിറം തന്നെ നല്‍കുകയും ചെയ്തു. യുപിയില്‍ സര്‍ക്കാര്‍ 100 കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നിക്ഷേപിച്ചത്.