ബംഗാളിലെ തൃണമൂല്‍ ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കണം, ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍

ബംഗാളിലെ രാഷ്ട്രീയ സാഹചര്യം താറുമാറാക്കുന്ന തൃണമൂല്‍ ഗുണ്ടകളെ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇക്കാര്യം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. തൃണമൂല്‍ ഗുണ്ടകളെ കരുതല്‍തടങ്കലിലെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ദിവസം തൃണമൂല്‍ ഗുണ്ടകള്‍ വോട്ടര്‍മാരെ കൊണ്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിക്കുന്ന വീഡിയോകള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഇക്കാര്യവും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത് സമാധാനപൂര്‍വമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്ള സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് അക്രമാസക്തമാണ്. തൃണമൂല്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഗുണ്ടയെന്ന് വിളിച്ച മമതക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം.

പശ്ചിമ ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഏകാധിപത്യം തുടരാനാണെങ്കില്‍ പിന്നെന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.