മാമല്ലപുരത്ത് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഉച്ചകോടി; 42 ടിബറ്റന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ‌പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി നാളെയും വെള്ളിയാഴ്ചയുമായി നടക്കും. തമിഴ്‌നാട്ടിലെ പുരാതന തീരദേശ നഗരമായ മാമല്ലപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ചകൾ നടക്കുക. കഴിഞ്ഞ വർഷം വുഹാൻ ഉച്ചകോടിക്ക് ശേഷം ഇരുവരും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക കൂടിക്കാഴ്ചയാണിത്. അതേസമയം പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ 42 ടിബറ്റന്‍ സ്വദേശികളെ കരുതല്‍ കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്റ് ഷീ ജിൻപിങ് ഒക്ടോബർ 11-12 മുതൽ രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ച തുടരാൻ ഇരു നേതാക്കൾക്കും തമിഴ്‌നാട്ടിൽ വെച്ച് നടക്കുന്ന അനൗപചാരിക ഉച്ചകോടി അവസരമൊരുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഉള്ള കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി ചൈന പറഞ്ഞു. കശ്മീർ പ്രശ്‌നം ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ചർച്ചയിൽ ഏർപ്പെട്ട് പരസ്പര വിശ്വാസം ഏകീകരിക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെടുന്നു. ഇത് ഇരു രാജ്യങ്ങളുടെയും താത്പര്യത്തിനും ലോകത്തിന്റെ പൊതു അഭിലാഷത്തിനും അനുസൃതമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.