ബംഗാള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് മോദി; മമതയുടെ തൃണമൂല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി; വികസിത് ബംഗാളിനായി തൃണമൂലിനെ പുറത്താക്കണം

പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി കരസ്ഥമാക്കിയ നേട്ടം ഭവാനിപ്പുരിലും ബംഗാള്‍ മുഴുവന്‍ ആവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 2021ല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ മുന്‍ അനുയായിയും ഇപ്പോള്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചാണ് നന്ദിഗ്രാമില്‍ നടന്നത് പശ്ചിമ ബംഗാള്‍ മുഴുവന്‍ നടക്കുമെന്ന മോദിയുടെ അവകാശവാദം.

അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാം മാറ്റത്തിന്റെ വഴി കാണിച്ചു തന്നു. ഇപ്പോള്‍ ബംഗാള്‍ മുഴുവന്‍ ആ ദിശയിലാണ് സഞ്ചരിക്കുന്നത്. ഭവാനിപ്പുരിലും ഇത് ആവര്‍ത്തിക്കും,

ബംഗാള്‍ ‘ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനായി ദാഹിക്കുന്നുവെന്ന് അസന്‍സോളില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. വികസിത് ബംഗാളിനായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോ്ണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും മോദി പറഞ്ഞു. ഈസ്റ്റ് മിഡ്നാപ്പുരിലെ ഹല്‍ദിയില്‍ ആദ്യം സംസാരിച്ച പ്രധാനമന്ത്രി മോദി, നന്ദിഗ്രാമില്‍ ആരംഭിച്ച രാഷ്ട്രീയ മാറ്റം സംസ്ഥാനം മുഴുവന്‍ വ്യാപിക്കുമെന്നും പറഞ്ഞു.

ഹല്‍ദി മുതല്‍ അസന്‍സോള്‍, ബിര്‍ഭം വരെയുള്ള മോദിയുടെ പ്രസംഗങ്ങളില്‍ ഒരു പ്രധാന വിഷയം മത്സ്യബന്ധനവും ഭക്ഷണ രാഷ്ട്രീയവുമായിരുന്നു. ഉയര്‍ന്ന ആവശ്യമുണ്ടായിട്ടും ബംഗാളിനെ മത്സ്യഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ ടിഎംസിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മീന്‍ പോലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. ഇത് സര്‍ക്കാരിന്റെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും പ്രതിഫലിക്കുന്നു,’ ദേശീയ തലത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പോലുള്ള കേന്ദ്ര പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ ടിഎംസി ഇത് ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ‘വികസനത്തിന്റെ ഒരു പുതിയ യുഗം’ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2011ലെ ടിഎംസിയുടെ അടിസ്ഥാന മുദ്രാവാക്യമായ ‘മാ, മാടി, മനുഷ്യ'(മാതാവ്, മാതൃദേശം, മനുഷ്യന്‍) എന്നതിനെയും മോദി പരിഹസിച്ചു. ‘ഇന്ന് അമ്മ കരയുന്നു, മണ്ണ് പിടിച്ചെടുക്കുന്നു, ജനങ്ങള്‍ ഭയത്തോടെ ജീവിക്കുന്നു,’ ടിഎംസി ഭരണത്തെ ‘ജംഗിള്‍ രാജ്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് പുറത്തേക്ക് ഇറക്കിവിടുമെന്ന് മോദി പറഞ്ഞു,

”തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ ഫാക്ടറിയാക്കി മാറ്റി. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി അവര്‍ വ്യാജ രേഖകള്‍ തയ്യാറാക്കുന്നു. ബംഗാളിലെ യുവാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് മേഖലകളില്‍ വഞ്ചിക്കുന്നു – സ്വകാര്യ മേഖലയെ നശിപ്പിക്കുകയും പണത്തിനായി സര്‍ക്കാര്‍ സ്ഥാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. ചെറിയ സാധ്യതകള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലി ഒരുക്കി കൊടുക്കുന്നു”

വോട്ട് ബാങ്ക് ഉറപ്പാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മതാധിഷ്ഠിത സംവരണ നയം പിന്തുടരുകയാണെന്ന് വരെ മോദി ആരോപിച്ചു. സംസ്ഥാനത്ത് മമത ബാനര്‍ജി സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് നടക്കുന്നതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും വോട്ടര്‍മാരോട് മോദി അഭ്യര്‍ത്ഥിച്ചു.