പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തു: രാഹുൽ ഗാന്ധി

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിന്നും പിന്‍വലിയുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരിന്റെ ചൈനയുമായുള്ള കരാർ സംബന്ധിച്ച് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ചൈനയുമായുള്ള നിരന്തരമായ ചർച്ചയിൽ ഇന്ത്യ ഒന്നും സമ്മതിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ ഒരിഞ്ച് പ്രദേശം പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിന് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം.

പാർലമെന്റിന്റെ ഇരുസഭകളിലും എൽഎസി അവസ്ഥയെക്കുറിച്ച് രാജ്‌നാഥ് സിംഗ് നാണം കെടുത്തുന്ന പ്രസ്താവന നടത്തിയെന്നും ഇന്ത്യൻ സൈനികർ ഇപ്പോൾ ഫിംഗർ 3 ൽ നിലയുറപ്പിക്കാൻ പോകുകയാണെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു.

Read more

“ഫിംഗർ 4 നമ്മുടെ പ്രദേശമാണ്, അവിടെയാണ് നമ്മുടെ പോസ്റ്റ് ഉണ്ടായിരുന്നത്. ഇപ്പോൾ നമ്മൾ ഫിംഗർ 4 ൽ നിന്ന് ഫിംഗർ 3 ലേക്ക് മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തത്. ഇത് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഉത്തരം നൽകേണ്ട ചോദ്യമാണ്, ”രാഹുൽ ഗാന്ധി ആരോപിച്ചു.