പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ;തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കർണാടക സർക്കാർ, ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; വ്യാജവാഗ്ദാനം നടത്താറില്ലെന്നു രാഹുൽ ഗാന്ധി

കർണാടകയിൽ ജനങ്ങൾക്ക് നൽകിയ തെര‍ഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് കോൺഗ്രസ് സർക്കാർ.ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ഇന്ന് തുടക്കമായി.ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറി രാഹുൽ ഗാന്ധി എംപിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ധനികർക്ക് വേണ്ടി മാത്രമാണ് ബിജെപി സർക്കാർ നിൽക്കുന്നത്. ധനികർക്ക് മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. പാവപ്പെട്ടവർക്ക്, ദളിതർക്ക്, ന്യൂനപക്ഷങ്ങൾക്ക്, ദുർബലവിഭാഗങ്ങൾക്കായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.അതിൽ ജാതി,മത,ഭാഷാ ഭേദമില്ല.കർണാടകയിൽ ചെയ്ത ഈ ക്ഷേമപദ്ധതികൾ കോൺഗ്രസ് രാജ്യമെമ്പാടും നടപ്പാക്കുമെന്ന് രാഹുൽ പറഞ്ഞു.

പദ്ധതി പ്രഖ്യാപിച്ചപ്പോൾ അത് നടപ്പാകില്ലെന്നായിരുന്നു ബിജെപിയുടെ വാദം.പ്രധാന മന്ത്രി തന്നെ പറഞ്ഞത് കോൺഗ്രസ് നുണപറയുന്നു എന്നാണ്.പക്ഷെ സത്യം ജനങ്ങൾക്ക് മുൻപിലുണ്ട്.1.9 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിൽ 2000 രൂപ എത്തി.ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു.10 കിലോ അരി സൗജന്യമായി ബിപിഎൽ കുടുംബങ്ങളില്‍ എത്തുന്നു.

ഞങ്ങൾ വ്യാജവാഗ്ദാനം നടത്താറില്ല, ചെയ്യാൻ കഴിയുന്ന ഓരോ കാര്യവും ഞങ്ങൾ ചെയ്യുന്നു.ഈ പദ്ധതി കോൺഗ്രസ് തിങ്ക് ടാങ്ക് ഉണ്ടാക്കിയതല്ല.നിങ്ങളാവശ്യപ്പെട്ട പദ്ധതിയാണിത്, നിങ്ങളാണ് ഞങ്ങൾക്ക് വഴി കാട്ടിയതെന്നും രാഹുല്‍ പറഞ്ഞു.

Read more

രക്ഷാബന്ധൻ വേളയിൽ, സർക്കാരിന്‍റെ നൂറ് ദിവസം തികയുന്ന വേളയിൽ പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.വിലക്കയറ്റത്തിന്‍റെ ദുരിതം അനുഭവിക്കുന്നവരായിരുന്നു സ്ത്രീകളെല്ലാവരും.സ്ത്രീകൾ ഈ രാജ്യത്തിന്‍റെ അടിസ്ഥാനശിലയാണ്, തായ് വേരാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു