പെരിയാര്‍ വിരുദ്ധ പരാമര്‍ശത്തില്‍ അണ്ണാമലൈ മലക്കം മറിഞ്ഞു; ക്ഷേത്രത്തിനു സമീപമുള്ള പ്രതിമകള്‍ പൊളിക്കുമെന്ന് വീണ്ടും; തമിഴ്‌നാട്ടില്‍ വിവാദം

പെരിയാര്‍ വിരുദ്ധ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ ആളായിരുന്നു പെരിയാറെന്നാണ് ഇന്നലെ അദേഹം വ്യക്തമാക്കിയത്.

നേരത്തെ, തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ക്ഷേത്രങ്ങള്‍ക്കു സമീപത്തെ പെരിയാര്‍ പ്രതിമകളും നിരീശ്വരവാദ സന്ദേശങ്ങളും നീക്കം ചെയ്യുമെന്ന് അദേഹം പറഞ്ഞിരുന്നു. ശ്രീരംഗത്തെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് അദേഹം ഇക്കാര്യം പറഞ്ഞത്.

എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സ്ഥാപിച്ച പെരിയാറിന്റെ വാക്കുകളടങ്ങിയ ഫലകങ്ങളില്‍ ദൈവത്തില്‍ വിശ്വസിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ വിഡ്ഢികളാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇവയുണ്ട്. ബിജെപി അധികാരത്തിലേറിയാല്‍ ആദ്യം ഇവയെല്ലാം പൊളിച്ചുമാറ്റും. പകരം, ആള്‍വാര്‍മാര്‍, നായനാര്‍മാര്‍, തിരുവള്ളുവര്‍, തമിഴ് സ്വാതന്ത്ര്യ സമര സേനാനികള്‍ തുടങ്ങിയവരുടെ പ്രതിമ സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് നിര്‍ത്തലാക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഇതു വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെയാണ് മലക്കം മറിച്ചില്‍.

Read more

ക്ഷേത്രത്തിനു സമീപമുള്ള പെരിയാര്‍ പ്രതിമകള്‍ മാറ്റുമെന്ന് ഇന്നലെയും അണ്ണാമലൈ ആവര്‍ത്തിച്ചു. പെരിയാര്‍ പ്രതിമകളോടു ബിജെപിക്കു വലിയ ആദരവുണ്ട്. എന്നാല്‍, ശ്രീരംഗത്തെ ജനങ്ങളും സംസ്ഥാനത്തെ ക്ഷേത്രവിശ്വാസികളും പെരിയാര്‍ പ്രതിമകളിലെ വചനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ബിജെപി 2026ല്‍ അധികാരത്തിലെത്തിയാല്‍ അവ നീക്കുമെന്നും ഇതു തിരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും അണ്ണാമലൈ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ദേവസ്വം വകുപ്പ് പിരിച്ചുവിടുമെന്നും ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ധവളപത്രം ഇറക്കുമെന്നും അണ്ണാമലൈ പറഞ്ഞു.