വീടുകളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ട് ഊർജ്ജ സ്വയംപര്യാപ്തതയിൽ മാതൃക സൃഷ്‌ടിച്ച പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് മുംബൈ കാലാവസ്ഥാ വാരം 2026 ഉച്ചകോടിയിൽ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ഭാവിയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യത്താകമാനം അനുവർത്തിക്കപ്പെടാവുന്ന ഒരു മാതൃകയാണ് കേരളത്തിൽ തൃശൂർ ജില്ലയിലുള്ള പെരിഞ്ഞനമെന്ന് കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികൾക്കുള്ള ഗ്രാമീണ പരിഹാര മാതൃകകൾ എന്ന സെഷൻ വിലയിരുത്തി.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തദ്ദേശഭരണകൂട പ്രതിനിധികളും തങ്ങളുടേതായ വിജയിച്ച മാതൃകകൾ സെഷനിൽ അവതരിപ്പിച്ചു. അങ്ങേയറ്റം പരിസ്ഥിതി സൗഹാർദപരമായ പെരിഞ്ഞനം പദ്ധതി ജനകീയമാക്കുന്നതിൽ താങ്ങാവുന്ന പലിശ നിരക്കിലുള്ള സഹകരണ ബാങ്ക് വായ്‌പകൾ എങ്ങനെ സഹായിച്ചുവെന്നും ഇന്ന് മിച്ചം വരുന്ന വൈദ്യുതി എങ്ങനെ സംസ്ഥാന ഗ്രിഡിലേക്ക് നൽകി ഗ്രാമീണർ വരുമാനം ഉണ്ടാക്കുന്നുവെന്നും പദ്ധതിയുടെ ശില്പിയായ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ സച്ചിത് വിവരിച്ചത് പരിപാടിയിൽ പങ്കെടുത്ത വിദഗ്‌ധർക്കും തദ്ദേശഭരണ പ്രതിനിധികൾക്കും ആവേശമായി.
ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യയുടെ കാലാവസ്ഥാ അതിജീവനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്കും മാതൃകകൾ രൂപപ്പെടുത്തുന്നതും സംബന്ധിച്ച് വിശദമായ ചർച്ചയാണ് നടന്നത്. എങ്ങനെയാണ് പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായ കാലാവസ്ഥാ പരിഹാരങ്ങൾ ഗ്രാമതലങ്ങളിൽ രൂപമെടുക്കേണ്ടത് എന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവരണം നടത്തിയ സച്ചിത് വേലിയേറ്റ വെള്ളപ്പൊക്കത്തിനെതിരെ എറണാകുളം ജില്ലയുടെ തീരദേശത്തെ ഗ്രാമ പഞ്ചായത്തുകൾ നടത്തുന്ന ഇടപെടലുകളും വിവരിച്ചു.
“വികസനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഒരുതരത്തിലും തടസ്സപ്പെടുത്തരുത് എന്ന നിലപാടോടെയാണ് ഞങ്ങൾ ആരംഭിച്ചത്. ബദൽ ഊർജ്ജത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ സൗരോർജ്ജ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിൽ മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തത്തെ പരിപോഷോപ്പിക്കുന്നതിലും അധിഷ്ടിതമാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായി” അദ്ദേഹം പറഞ്ഞു. പെരിഞ്ഞനത്തെ ഓരോ കുടുംബത്തിന്റെയും വൈദ്യുതി ബില്ലുകൾ 80 ശതമാനം വരെ കുറച്ചുകൊണ്ട് ഊർജ്ജ സ്വയംപര്യാപ്തത എന്ന പദ്ധതി ദേശീയതലത്തിൽ തന്നെ നിലവിൽ ശ്രദ്ധിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരതാ സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നയരൂപകർത്താക്കൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, നിക്ഷേപകർ, പ്രാദേശിക നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഉച്ചകോടി. കേവലമായ സർക്കാർ നിർദ്ദേശങ്ങളേക്കാൾ പ്രാദേശിക സമൂഹത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണ് പെരിഞ്ഞനത്തിൻ്റെ ഊർജ സ്വയംപര്യാപ്തതാ പരിവർത്തനം നടപ്പിലായതിന് പിന്നിലെന്ന് സച്ചിത് യോഗത്തിൽ വിശദീകരിച്ചു.
വ്യാപകമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ, സഹകരണ ബാങ്കുകളിൽ നിന്നുള്ള ധനസഹായം, പ്രവാസി സംഭാവനകൾ, സുതാര്യമായ ആസൂത്രണം എന്നിവ നൂറുകണക്കിന് കുടുംബങ്ങളെ മേൽക്കൂരയിലെ സോളാർ പദ്ധതി സ്വീകരിച്ചു നടപ്പാക്കാൻ പ്രാപ്തരാക്കി. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരെ അതിനപ്പുറം വീടിന് മുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന “പ്രൊസ്യൂമർമാരാക്കി” മാറ്റി.
കഴിഞ്ഞ എട്ട് വർഷത്തിനിടെ, എണ്ണൂറ്റി അമ്പതിലധികം വീടുകൾ മേൽക്കൂരകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ട് വൈദ്യുതി ബില്ലുകൾ ഗണ്യമായി കുറയ്ക്കുകയും മിച്ചം വയ്ക്കുന്ന വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക് നൽകുകയും ചെയ്തു. പുനരുപയോഗ ഊർജ്ജ അവാർഡുകൾ ഉൾപ്പെടെ നിരവധിയായ ദേശീയ അംഗീകാരങ്ങൾ ഈ പദ്ധതി നിലവിൽ നേടിയിട്ടുണ്ട്. പഞ്ചായത്തുകൾ നടപ്പാക്കുന്ന സൗരോർജ്ജ പരിവർത്തനത്തിൻ്റെ ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ മാതൃകയായി ഇത് മാറി.
“വികസനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തരുത്,” സച്ചിത് സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് ഓഫീസ് പോലുള്ള പൊതു സ്ഥാപനങ്ങളിലും പെരിഞ്ഞനത്ത് സോളാർ ഇൻസ്‌റ്റാളേഷനുകൾ സ്ഥാപിക്കുകയും പ്രാദേശിക യുവാക്കൾക്ക് അറ്റകുറ്റപ്പണികൾക്കും സേവനങ്ങൾക്കും പരിശീലനം നൽകി അവർക്ക് വരുമാന സുരക്ഷാ ഉറപ്പാക്കുകയും പദ്ധതി വഴി ചെയ്തു. അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സ്, പോളിസി & ഡെവലപ്മെൻ്റ് അഡ്വൈസറി ഗ്രൂപ്പ് (പിഡിഎജി), പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിലൂടെ കാലാവസ്ഥാ അപകടസാധ്യതകൾ പരിഹരിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന കോമൺ ഗ്രൗണ്ട് ഇനിഷ്യേറ്റീവ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സെഷൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രഭാഷകർ പ്രാദേശിക കാലാവസ്ഥാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ബേല ഗ്രാമപഞ്ചായത്തിലെ സർപഞ്ച് ശാരദ ഗയ്‌ധാനെ, സൗരോർജം ഉപയോഗിച്ചും മരങ്ങൾ നട്ടും കൃത്യമായ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയും തങ്ങളുടെ പ്രദേശം കാർബൺ നെറ്റ് സീറോയിൽ എത്തിയത് എങ്ങനെ എന്ന് വിവരിച്ചു. ജാർഖണ്ഡിൽ നിന്നുള്ള സിയാരി ഗ്രാമമുഖ്യൻ രാംവൃക്ഷ് മുർമു സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചനവും വഴിവിളക്കുകളും വഴി ഊർജപ്രതിസന്ധിയെ ഫലപ്രദമായി അതിജീവിക്കുന്നത് വിസ്‌ഡദ്ധീകരിച്ചു. ഒഡീഷയിൽ നിന്നുള്ള പ്രതിനിധി ജയന്തി നായക് അവിടെ സ്ത്രീകൾ നയിക്കുന്ന പൊതുഉടമസ്ഥതാഭൂമികളുടെ പുനഃസ്ഥാപനത്തെ എടുത്തു കാണിച്ചു.
ചടങ്ങിൽ സംസാരിച്ച അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സിന്റെ സിഇഒ വിനുത ഗോപാൽ പ്രാദേശികമായി രൂപപ്പെടുന്ന കാലാവസ്ഥാ പരിഹാര മാർഗങ്ങളുടെ ആവശ്യം എടുത്ത് പറഞ്ഞു. ‘ആറ് സംസ്ഥാനങ്ങളിൽ നിന്നായി ഇവിടെ വന്ന ജനപ്രതിനിധികൾ കാലാവതാ മാറ്റത്തിനെതിരായ താഴെ തട്ടിലുള്ള പ്രതിരോധം ആരംഭിച്ചു കഴിഞ്ഞു എന്നാണ് മനസ്സിലാക്കി തരുന്നത്. നടുന്ന ഓരോ മരവും ഉപയോഗിക്കുന്ന ഓരോ സോളാർ പാനലും ഓരോ ഗ്രാമീണ പ്രവർത്തന പദ്ധതിയും കാലാവസ്ഥായ മാറ്റത്തിനുള്ള പ്രതിരോധം ആയിത്തീരുകയാണ്/. പ്രാദേശിക സർക്കാരുകൾ അങ്ങനെ ജീവനും ഉപജീവനവും കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളിൽ നിന്നും സംരക്ഷിക്കുന്നു. നിലനിൽക്കുന്നതും അർഥമുള്ളതുമായ പരിഹാരങ്ങൾ താഴെ തട്ടിൽ നിന്ന് തന്നെയാണ് വരേണ്ടത്’ അവർ പറഞ്ഞു.
പിഡിഎജി യുടെ സഹസ്ഥാപകനും ചുമതലക്കാരിൽ ഒരാളുമായ അരിന്ദം ബാനർജി, ഇത്തരത്തിലുള്ള പഞ്ചായത്തുകളുടെ സമ്മേളനങ്ങൾ ഇന്ത്യയുടെ ദീർഘകാല സുസ്ഥിരതാ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, തെമാതൃകകൾ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കാലാവസ്ഥാ പരിഹാരങ്ങൾ നിർമ്മിക്കാനും, ദശാബ്ദത്തിന്റെ അവസാനത്തോടെ പഞ്ചായത്ത് തലത്തിലുള്ള കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി ഒരു രാജ്യവ്യാപക വേദി സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കൂട്ടിച്ചേർത്തു. പരിമിതമായ ഭൂമി ലഭ്യത കാരണം വലിയ സോളാർ ഫാമുകളുടെ വ്യാപനത്തിനു സാധ്യത ഇല്ലാത്ത കേരളം പോലെയുള്ള ഇടങ്ങളിൽ മേൽക്കൂരയിലെ സോളാർ സംവിധാനങ്ങളെ വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജത്തിനുള്ള ഒരു പ്രധാന മാർഗം ആക്കാൻ കഴിയുമെന്ന് മനസിലാക്കാൻ പെരിഞ്ഞനം പദ്ധതി തുണയായി എന്നും അദ്ദേഹം പറഞ്ഞു.
Read more
കാലാവസ്ഥാ അപകടസാധ്യതകൾ രൂക്ഷമാകുകയും ചൂട് തരംഗങ്ങളും വെള്ളപ്പൊക്കവും മുതൽ തീരദേശ ദുർബലത വരെ വലിയ വെല്ലുവിളികളായി തീരുകയും ചെയ്യുമ്പോൾ നയരൂപീകരണക്കാരും ഗവേഷകരും വിജയിക്കുന്ന ഗ്രാമീണ മാതൃകകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം എന്ന് ഉച്ചകോടി നിർദേശിച്ചു.







