ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പി. എസ്. ശ്രീധരൻപിള്ളയും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് സന്ദീപ് വാചസ്പതിയും ആരോപിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തന്‍റെ നിലപാടെന്നും എന്നാൽ, തന്ത്രിയെ ജയിലിൽ അടയ്ക്കാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായതല്ലെന്നും പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു.
തെളിവിന്‍റെ കണിക പോലുമില്ലെന്ന് എല്ലാ ഫയലും പരിശോധിച്ചശേഷം ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം. തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇതോടെ വ്യക്തമായി. ആത്മഹത്യയുടെ വക്കിൽ എത്തിയെന്ന് തന്ത്രി തന്നോട് പറഞ്ഞു. എന്തിന് ഇങ്ങനെ ക്രൂശിക്കണം? വിവാദങ്ങളിൽ അഭിരമിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു.







