മണിപ്പൂരിൽ പ്രതിഷേധവുമായി ഗോത്രവർഗ സംഘടന; മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ടു

മണിപ്പൂരിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി ഗോത്ര വർഗ സംഘടന. പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് ജനക്കൂട്ടം തീവച്ചു. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. സർക്കാർ അപമാനിച്ചെന്നാണ് പ്രതിഷേധക്കാരുടെ വാദം.

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള ജില്ലയാണ് ചുരാചാന്ദ്പൂർ. ഇവിടെ ഒരു ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആൾക്കൂട്ടം സദസ്സിലെ കസേരകൾ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങൾ നശിപ്പിക്കുന്നതും വ്യക്തമാണെന്ന് എൻ ഡി ടിവി പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. സംഘർഷ സ്ഥിതി കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

ബിജെപി സർക്കാർ സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങൾ പോലുള്ളവയും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കുകി സ്റ്റുഡന്റ്സ് ഓർ​ഗനൈസേഷനും സർക്കാരിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. സർക്കാർ പരിപാടികളോട് നിസ്സഹകരണ സമീപനം തുടരാനാണ് ഇരുസംഘടനകളുടെയും തീരുമാനം. അനധികൃതനിർമ്മാണമെന്ന് കാരണം നിരത്തി സർക്കാർ‌ കഴിഞ്ഞമാസം മണിപ്പൂരിൽ മൂന്ന് പള്ളികളാണ് പൊളിച്ചത്.