പെഗാസസ് വിഷയം: പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ പത്തിന് പാർലമെന്റ് മന്ദിരത്തിൽ

 

പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ
ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ രാവിലെ 10 ന് പാർലമെന്റ് മന്ദിരത്തിൽ യോഗം ചേരും. വിവിധ പാർട്ടികൾ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതോടെ പാർലമെന്റിലും പുറത്തും വൻ രാഷ്ട്രീയ വിവാദമായി പെഗാസസ് പ്രശ്നം മാറിയിട്ടുണ്ട്.

മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളിലും ആരോപണവിധേയമായ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തി. ഇത് സഭാ നടപടികൾ ആവർത്തിച്ച് മാറ്റിവയ്ക്കുന്നതിന് കാരണമായി.

ഇസ്രായേലി സൈബർ സുരക്ഷ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ഫോൺ ചോർത്തി എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.

ലോകമെമ്പാടുമുള്ള വാർത്താ സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ നിരവധി സർക്കാരുകൾ ഈ സ്പൈവെയർ മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ ഫോൺ ചോർത്താൻ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്.