പെഗാസസ് പ്രതിഷേധം; ആറ് തൃണമൂൽ എം.പിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച്‌ രാജ്യസഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി പ്രവേശിച്ച 6 തൃണമൂൽ എം.പിമാരെ ഇന്നത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് എം.പിമാരോട് സഭയിൽ നിന്നും വിട്ടു നിൽക്കാൻ ഉത്തരവിട്ടത്. ഡോല സെൻ, നദിമുൾ ഹക്ക്, അബിർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാംഗങ്ങൾ.

രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആദ്യം അംഗങ്ങളോട് അവരുടെ സീറ്റുകളിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു, തുടർന്ന് പ്ലക്കാർഡുകൾ കൈവശമുള്ളവർക്കെതിരെ 255 -ാം നിയമം നടപ്പാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാക്കൾ, സർക്കാർ വിമർശകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്താൻ കേന്ദ്ര സർക്കാർ ഇസ്രയേൽ നിർമ്മിത, സൈനിക-ഗ്രേഡ് പെഗാസസ് സ്പൈവെയർ ഉപയോഗിച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി ഇറങ്ങുകയായിരുന്നു.

“പ്രതിപക്ഷ എംപിമാർ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയിൽ പ്രതിഷേധിക്കും. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവൻ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാൻ വരൂ,” സസ്പെൻഷൻ ഉത്തരവിന് മിനിറ്റുകൾക്ക് ശേഷം, തൃണമൂൽ എം.പി ഡെറിക് ഒബ്രിയൻ ട്വീറ്റ് ചെയ്തു.